കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവം; കര്‍ഷകന് നഷ്ടപരിഹാരം കൈമാറി കെഎസ്ഇബി

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷന് കെഎസ്ഇബിയുടെ നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് ആന്റണി ജോണ്‍ എംഎല്‍എ കര്‍ഷകന് കൈമാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരും എംഎല്‍എക്കൊപ്പം എത്തിയിരുന്നു.

220 കെവി ലൈന്‍ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി മുറിച്ചുമാറ്റിയത്. കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്. മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴ വെട്ടിമാറ്റിയത്.

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്. കര്‍ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്. മൂന്നാഴ്ച്ചയ്ക്കകം വെട്ടാനിരിക്കുന്ന കുലകളായിരുന്നു ഇത്. തോമസ് എന്ന കര്‍ഷകന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*