സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് ഇനി കെഎസ്ആർടിസി ബസ്

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ വരെയാണ് ലഭ്യമാവുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. 4, 8, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും നിശ്ചിത തുക നൽകേണ്ടി വരും.

മിനി ബസിന് നാലുമണിക്കൂറിന് 8800 രൂപയും 16 മണിക്കൂറിന് 20,000 രൂപയുമാണ് നിരക്ക്. ഓര്‍ഡിനറിക്ക് നാലുമണിക്കൂറിന് 9250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്‌റ്റിന് നാലു മണിക്കൂറിന് 9500 രൂപയും 16 മണിക്കൂറിന് 23,000 രൂപയും ഈടാക്കും. സൂപ്പര്‍ ഫാസ്‌റ്റിന് നാലുമണിക്കൂറിന് 9900 രൂപയാണ് നിരക്ക്, 16 മണിക്കൂറിന് 25,000 രൂപയും. സൂപ്പര്‍ എക്‌സ്പ്രസിന് നാലുമണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 26,000 രൂപയും നല്‍കണം.

എസി ലോ ഫ്‌ളോറിന് നാലുമണിക്കൂറിന് 11,000 രൂപയും, 16 മണിക്കൂറിന് 28,000 രൂപയും വോള്‍വോ ബസിന് നാലുമണിക്കൂറിന് 15,000 രൂപയും 16 മണിക്കൂറിന് 35,000 രൂപയുമാണ് നിരക്ക്. നാലുമണിക്കൂര്‍ (75 കിലോമീറ്റര്‍), എട്ടുമണിക്കൂര്‍ (150 കിലോമീറ്റര്‍), 12 മണിക്കൂര്‍ (200 കിലോമീറ്റര്‍), 16 മണിക്കൂര്‍ (300 കിലോമീറ്റര്‍) വീതം ബസുകള്‍ ഓടും എന്നാണ് അറിയിച്ചിട്ടുള്ളത്. 

Be the first to comment

Leave a Reply

Your email address will not be published.


*