കെഎസ്ആര്‍ടിസി ബസിൽ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം; ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി

കെഎസ്ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം. യുപിഐ, ക്യുആർകോഡ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഡിജിറ്റലായി എടുക്കാവുന്നതാണ്. ഇതിനായി ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി. 2024 ല്‍ തന്നെ സംവിധാനം യാത്രക്കാര്‍ക്ക് ലഭ്യമാകും.

കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ പേര്‍ ഉപയോഗിക്കാത്ത സാഹചര്യമുണ്ടായി. ഒപ്പം കാലഹരണപ്പെട്ട സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതിനാലാണ് മാറിച്ചിന്തിക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേരിപ്പിച്ചത്. ചലോ ആപ്പ് വഴിയാണ് പുതിയ പേയ്‌മെന്റ് സംവിധാനം വരുന്നത്.

ട്രാവല്‍ കാര്‍ഡ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ സംവിധാനങ്ങള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ പേയ്‌മെന്റ് രീതി എന്നിവ ചലോ ആപ്പില്‍ ലഭിക്കും. ഒരു ടിക്കറ്റിന് 13 പൈസ നിരക്കില്‍ ചലോ ആപ്പിന് നല്‍കണം. ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനങ്ങളും ആപ്പിലുണ്ടാകും. ഇതിലൂടെ ബസ് എവിടെ എത്തിയെന്ന് മനസിലാക്കാനും കഴിയും.

പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കെഎസ്ആര്‍ടിസി പൂര്‍ണമായും പേപ്പര്‍ ലെസ് ആയി മാറുകയാണ് ലക്ഷ്യമിടുന്നത്. ഇതിന് നിലവിലെ സംവിധാനത്തില്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ മികവുള്ള ആപ്പിലേക്ക് നീങ്ങുന്നത്. രണ്ട് വര്‍ഷത്തില്‍ പൂര്‍ണമായും പേപ്പര്‍ രഹിത ടിക്കറ്റിങ് സംവിധാനത്തിലേക്ക് മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*