കോട്ടയം: ഡ്രൈവിങ് പഠിപ്പിക്കാൻ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ പാലായിലുമെത്തും. ഡ്രൈവിങ് പഠനത്തിന് കെഎസ്‌ആർടിസിയുമുണ്ടെന്ന് അറിഞ്ഞതു മുതൽ ജില്ലയിൽ എവിടെ തുടങ്ങുമെന്നത് കാത്തിരിക്കുകയിരുന്നു ജനങ്ങൾ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 22 പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്. ഇതിൽ കോട്ടയം ജില്ലയിൽ നിന്ന് പാലായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ച് മിതമായ ചെലവിൽ പരിശീലനം നൽകാനുള്ള പദ്ധതിക്കാണ് തുടക്കമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകും. ഇതിന്റെ ഭാഗമായി പാലായിൽ ഇൻസ്‌ട്രക്‌ടമാരുടെ അപേക്ഷ സ്വീകരിക്കുകയും ഷോർട് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഡ്രൈവിങ് പഠനവുമായി ബന്ധപ്പെട്ട് ഡിപ്പോയുമായി ചേർന്നുള്ള രണ്ട് ഹാളുകൾ ഒരുക്കും. ഇതിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഹാളുകളുടെ നവീകരണം ഉടൻ ആരംഭിക്കുമെന്നും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം മോട്ടോർ വാഹനവകുപ്പിൽനിന്ന് ലൈസൻസിന് അപേക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഹെവി ലൈസൻസിനുള്ള പരിശീലനമാണ് ഇവിടെ നൽകുക. ഇതിനായി ഒരു ബസ് അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മറ്റ് വാഹനങ്ങൾക്ക് കൂടെ പരിശീലനം നൽകും.
Be the first to comment