‘നൈറ്റ് ജംഗിള്‍ സഫാരി’യുമായി കെഎസ്ആർടിസി

കൽപ്പറ്റ:  വിനോദ സഞ്ചാരികള്‍ക്കായി വയനാട് ജില്ലയിൽ കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക.  

വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സർവീസ്. ബത്തേരി ഡിപ്പോയില്‍ നിന്ന് തുടങ്ങുന്ന യാത്ര  പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ് നൈറ്റ് ജംഗിള്‍ സഫാരി സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട  യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയിൽ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പർ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി വിശ്രമ മന്ദിരം നിര്‍മ്മിച്ചത്.  

ചുരുങ്ങിയ ചിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം എസി  സ്ലീപ്പര്‍  ബസുകളും സജ്ജമാക്കി.  ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോര്‍മെറ്ററികളാണ്  സ്ലീപ്പര്‍ ബസ്സിലുള്ളത്.  സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*