‘സിംഗിൾ ലേഡി ബുക്കിങ്’ സംവിധാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സൂപ്പർ ക്ലാസ് ബസ്സുകളിൽ ദീർഘദൂര വനിതാ യാത്രക്കാർക്ക് പ്രത്യേക ബുക്കിങ് സംവിധാനവുമായി കെഎസ്ആർടിസി . ‘സിംഗിൾ ലേഡി ബുക്കിങ്’  (‘SINGLE LADY BOOKING’) സംവിധാനത്തിൽ സ്ത്രീകൾക്ക് ഇഷ്ടാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കാം.

വെബ്സൈറ്റിൽ ‘ലേഡീസ് ക്വോട്ട ബുക്കിങ്’ ക്ലിക്ക് ചെയ്താൽ വനിതാ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ അടുത്തു തന്നെ ഇരിപ്പിടം ലഭിക്കും. ഇനി ആരും തന്നെ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് അലോട്ട് ചെയ്യുന്ന തരത്തിലാണ് സിംഗിൾ ലേഡി ബുക്കിങ് സംവിധാനം. സ്ത്രീകൾ ബുക്ക് ചെയ്ത സീറ്റിനടുത്ത് പുരുഷന്മാർക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല.

ഒന്നിലധികം സ്ത്രീകൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ പ്രത്യേകം സീറ്റ് തന്നെ ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലേഡീസ് ക്വോട്ട ബുക്കിങ് ഇല്ലാതെ റിസർവ് ചെയ്യാം. ഇവർക്ക് സിംഗിൾ ലേഡി ബുക്കിങ് ഇല്ലാത്ത ഏത് സീറ്റും ബുക്ക് ചെയ്യാം. ജനറൽ സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകളുടെ അടുത്ത സീറ്റ് പുരുഷന്മാർക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല.

നിലവിൽ ഓൺലൈൻ റിസർവേഷനുള്ള ബസുകളിൽ മുന്നിലെ ഒന്നു മുതൽ ആറ് വരെ സീറ്റുകൾ സ്ത്രീകൾക്ക് സ്ഥിരമായി അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വനിതാ യാത്രക്കാർ ഈ സീറ്റുകൾക്ക് പകരം സൗകര്യപ്രദമായ മറ്റ് സീറ്റുകളാണ് തിരഞ്ഞെടുക്കുന്നത് . ഇതോടെ വനിതാ റിസർവേഷൻ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും പതിവാണ്.

മാത്രമല്ല, ഒറ്റക്ക് റിസർവ് ചെയ്ത ജനറൽ സീറ്റുകളിൽ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷൻമാർ റിസർവ് ചെയ്തോ ടിക്കറ്റെടുത്തോ ഇരിക്കുന്നത് ചില സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. നിന്നു യാത്ര ചെയ്യാൻ പാടില്ലാത്ത സൂപ്പർക്ലാസ് ബസ്സുകളിൽ സ്ത്രീകളുടെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കെഎസ്ആർടിസിക്കും നഷ്ടമാണ്. ഇതിനെല്ലാം പരിഹാരമായാണ് സിംഗിൾ ലേഡി ബുക്കിങ് സംവിധാനം വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*