കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി

കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ ആദ്യ സർവീസ് ഉദ്‌ഘാടനം പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.ഗ്രാമവണ്ടിക്ക് വഴി നീളെ നാട്ടുകാര്‍ സ്വീകരണമൊരുക്കി.
 
ഉൾനാടൻ പ്രദേശങ്ങളിലെ യാത്ര ക്ലേശത്തിന് പരിഹാരം തേടിയുള്ള പുത്തൻ പദ്ധതിക്ക് വൻ ജനപങ്കാളിത്തത്തോടെയാണ് തുടക്കമായത്. കേരളത്തിന്‍റെ തെക്കേ അറ്റത്തെ പാറശാല മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിലെ പനയംമൂല, മഞ്ചവിളാകം, അമ്പലം, കൊടുംകര, ധനുവച്ചപുരം പ്രദേശങ്ങളിലാണ് ആദ്യ ഗ്രാമവണ്ടി എത്തിയത്.

വാഹന സൗകര്യം കുറവായ പ്രദേശങ്ങളിലേക്കും, ലാഭകരമല്ലെന്ന് കണ്ടെത്തി ബസ് സർവീസുകൾ വെട്ടിച്ചുരുക്കിയ ഇടങ്ങളിലേക്കുമാണ് പഞ്ചയത്ത് ഭരണസമിതി കെഎസ്ആർടിസി ബസ് ഏറ്റെടുത്ത് സർവീസ് നടത്തുന്നത്.പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം എടുത്ത്  ഡീസൽ അടിക്കും. ഡ്രൈവറുടെയും  കണ്ടക്ടറുടെയും താമസ സൗകര്യത്തിന്‍റെയും, ബസ് സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകൾക്കാണ്. പരസ്യത്തിലൂടെയും സ്പോൺസർഷിപ്പ് വഴിയും പഞ്ചായത്തുകൾക്ക് ഫണ്ട് കണ്ടെത്താം. 

ടിക്കറ്റ് വരുമാനം പൂർണമായും കെഎസ്ആർടിസിക്കാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളം മെയിൻറനൻസ്, സ്പെയർപാർട്സ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകളും കെഎസ്ആർടിസി തന്നെ വഹിക്കും. സംസ്ഥാനത്ത് കൂടുതൽ പഞ്ചായത്തുകൾ ഗ്രാമവണ്ടികൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*