കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ക്രമീകരിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സെന്റര്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ എന്നീ സ്‌പെഷ്യല്‍ സ്‌കൂളിലേയും പരിശീലന കേന്ദ്രത്തിലേയും വിദ്യാര്‍ത്ഥികള്‍ക്കായാണ് വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊച്ചന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ ഈക്കോ വാഹനമാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വീടുകളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌കൂളുകളിലേയ്ക്ക് വരുന്നതിനും തിരികെ പോകുന്നതിനുമായി ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Be the first to comment