
പാലക്കാട് ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പ്രതി പട്ടികയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും. കെ എസ് യു നേതാവ് ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി. കോളജ് ഡേയുമായി ബന്ധപ്പെട്ട വീഡിയോയില്‍ കമന്റിട്ടതാണ് ആക്രമണത്തിന് കാരണം. രണ്ടാം വര്‍ഷ ബി എ ഹിസ്റ്ററി വിദ്യാര്‍ത്ഥി കാര്‍ത്തികനാണ് മര്‍ദ്ദനമേറ്റത്.
വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും കെ എസ് യു നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി ഇത് പൂര്‍ണമായും തള്ളി. പ്രതി പട്ടികയില്‍ ഉള്ള സൂരജും കെ എസ് യു നേതാവാണ്.
കഴുത്തില്‍ കേബിള്‍ കുരുക്കി മുറുക്കിയാണ് തന്നെ ആക്രമിച്ചതെന്നും സഹപാഠികള്‍ കണ്ടപ്പോള്‍ അക്രമിച്ചവര്‍ അവിടെ നിന്ന് പോവുകയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. ക്ലാസില്‍ നിന്ന് സൗഹൃദത്തോടെ വിളിച്ചിറക്കിക്കൊണ്ട് പോയതിന് ശേഷമായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
വിഷയത്തില്‍ മയക്കുമരുന്ന് ഉപയോഗമടക്കം എസ്എഫ്‌ഐ ആരോപിച്ചു കഴിഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്‌ഐയുടെ പ്രതിഷേധവും കോളജില്‍ നടക്കും.
കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മറ്റു കേസുകളില്ല. എന്താണ് നടന്നതെന്ന് കൃത്യമായി പരിശോധിക്കും – അദ്ദേഹം പറഞ്ഞു വിഷയം ചര്‍ച്ചചെയ്യാന്‍ കോളേജ് കൗണ്‍സില്‍ യോഗം ചേര്‍ന്നു. പ്രതികളായ യു യു സി അടക്കമുള്ള നാല് കെഎസ്യു പ്രവര്‍ത്തകരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Be the first to comment