ഷൂ ഏറ് ഇനി ഉണ്ടാവില്ല, അത് സമരമാര്‍ഗമല്ല; ബസിന് നേരെ ഉണ്ടായത് വൈകാരിക പ്രതിഷേധമെന്ന് കെഎസ് യു

കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തിൽ ഇതിനെ ഒരു സമരമാർഗമായി കാണാൻ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യർ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രവർത്തകരെ കൈകാര്യം ചെയ്യുമ്പോൾ അതിനെതിരായ പ്രതിഫലനമെന്നോണം ഉണ്ടായ വൈകാരിക പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ ഷൂ ഏറ്. അത് സമരമാർഗമായി കണ്ട് കരുതി കൂട്ടി ചെയ്തതല്ല. സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന തരത്തിലുള്ള വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ല. എങ്കിൽ പോലും നാലു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഞങ്ങൾ നടത്തുന്ന സമരത്തെ നിയമം കൊണ്ടും ഡിവൈഎഫ്ഐ ഗുണ്ടകളെ കൊണ്ടും നേരിടാമെന്നാണ് പിണറായി വിജയന്റെ വ്യാമോഹമെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കെഎസ് യു തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയൻ കുത്തിയാൽ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ് യു എന്നും വിദ്യാർഥി സമരങ്ങളെന്നും മുഖ്യമന്ത്രി വിചാരിക്കേണ്ടതില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.’- അലോഷ്യസ് സേവ്യർ പറഞ്ഞു.

‘നവകേരള സദസ് എറണാകുളത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഡിവൈഎഫ്ഐ ഗുണ്ടകൾ പ്രവർത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ ഉണ്ടായ വൈകാരിക പ്രതിഷേധമായാണ് ഷൂ ഏറിനെ നോക്കി കാണുന്നത്. സമരമാർഗമായി ഇതിനെ മുന്നോട്ടു കൊണ്ടുപോകില്ല. ജനാധിപത്യ സംവിധാനത്തിൽ ഇതിനെ ഒരു സമരമാർഗമായി കാണാൻ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ട്’- അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*