സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവെന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.
ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്‌ടപ്രകാരം നിയമിക്കുകയായിരുന്നു എന്നുമാണ് സർക്കാരിന്റെ വാദം. നിയമ വിരുദ്ധമായ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
എന്നാൽ നിയമനം സ്‌റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചിരുന്നു. നേരത്തെ വിസി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്‌ടറായ സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെടിയു വിസിയുടെ ചുമതല നൽകിയത്. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയെ സമീപിച്ചത്.
Be the first to comment