കുടുംബശ്രീ ദേശീയ സരസ് മേള നാളെ മുതൽ

കോട്ടയം: രുചിയുടെ വിഭിന്നതകളും ഗ്രാമീണതയുടെ കരവിരുതും ആവോളം അണിനിരത്തി ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷവുമായി ‘ദേശീയ സരസ്’ മേള നാളെ  കോട്ടയം നാഗമ്പടം മൈതാനിയിൽ തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടേയും സ്വയം സഹായസംഘങ്ങളുടേയും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ടു കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയ്ക്കായി 75,000 ചതുരശ്ര അടിയുള്ള പ്രദർശനവേദിയാണ് ഒരുക്കിയിരിക്കുന്നത്.  

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഹരിയാന, സിക്കിം, ഹിമാചൽ പ്രദേശ്, കർണാടക, ജാർഖണ്ഡ്, കാശ്മീർ, ത്രിപുര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 48 വനിതാ സംരംഭകർ മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായെത്തും. കോട്ടയത്തുനിന്നു 43 ഉം സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുള്ള 108 കുടുംബശ്രീ സംരംഭകരും അടക്കം 239 രജിസ്ട്രേഷനുകളാണ് ഇതുവരെയുള്ളത്. രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്. മറ്റിടങ്ങളിൽ നിന്നു ജില്ലയിലെത്തുന്നവർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗതമായിട്ടുള്ള കരകൗശല ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, മറ്റ് തനതുഉത്പന്നങ്ങൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം കോട്ടയത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയുമാണ് നാഗമ്പടത്തൊരുങ്ങുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു.

മേളയോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിക്കും. സിതാര കൃഷ്ണകുമാർ, ജി. വേണുഗോപാൽ, നഞ്ചിയമ്മ, രശ്മി സതീഷ്, ഊരാളി തുടങ്ങിയ പ്രമുഖരുടെ സംഘങ്ങളുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന്, നാടൻ പാട്ട് സന്ധ്യകൾ, മജീഷ്യൻ സാമ്രാജിന്റെ മാജിക്ക് ഷോ, രാജസ്ഥാനി നാടോടിനൃത്തം, ഒഡീസി, കഥകളി തുടങ്ങിയ പരമ്പരഗത കലാരൂപങ്ങൾ, ഗസൽ സന്ധ്യ, മെഗാഷോ, ഫ്യൂഷൻ സംഗീതം എന്നിവ പത്തു ദിവസം നീളുന്ന സരസ് മേളയ്ക്ക് വർണപകിട്ടേറ്റും. കുടുംബശ്രീ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തശിൽപവും കോട്ടയം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ കലാപരിപാടികളും മേളയോടനുബന്ധിച്ചു നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*