കുട്ടിസംരംഭങ്ങൾക്ക് ‘മൈൻഡ് ബ്ലോവേർസ്’ പദ്ധതിയുമായി കുടുംബശ്രീ

കോട്ടയം: കുട്ടികളുടെ നൂതന സംരംഭ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ബാലസഭയുടെ മൈൻഡ് ബ്ലോവേഴ്‌സ് പദ്ധതി. കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അവരുടെ സർഗാത്മകത വികസിപ്പിക്കുക, നൂതന സംരംഭങ്ങൾ തയാറാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഫൗണ്ടേഷന്റെ മൊഡ്യൂൾ അനുസരിച്ചാണ് കുട്ടികൾക്ക് പരിശീലനവും പ്രവർത്തനങ്ങളും നൽകുന്നത്. പരിശീലനപരിപാടിയിൽ കുട്ടികളുടെ നൂതന സംരംഭകത്വ ആശയങ്ങൾ പ്രോജക്റ്റ് രൂപത്തിൽ തയാറാക്കി അവതരിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ സംസ്ഥാനതലത്തിൽ വിദഗ്ധ സമിതിയുടെ മുമ്പാകെ അവതരിപ്പിക്കാനും അവസരമുണ്ട്. ഈ മാസം ആരംഭിക്കുന്ന പരിപാടിയിൽ ഓരോ പഞ്ചായത്തിൽ നിന്നും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 50 കുട്ടികൾക്കാണ് രജിസ്‌ട്രേഷന് അവസരം.

കുടുംബശ്രീ സംസ്ഥാന മിഷൻ ഗൂഗിൾ ഫോം ലിങ്ക് വഴി മെയ് 15 വരെ രജിസ്റ്റർ ചെയ്യാം https://forms.gle/HgNeqASCouzKbMrR8 .

മേയ് 20 വരെ ജില്ലാ മിഷൻ, പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസ് മുഖാന്തരവും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*