
ചെന്നൈ: പാര്‍ലമെന്റില്‍ തമിഴ്ഭാഷ ഉപയോഗിക്കുന്നതിന് വേണ്ടി പോരാട്ടം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രശസ്ത പ്രാസംഗികനുമായ കുമാരി അനന്തന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇളകിയ സെല്‍വര്‍ എന്ന് വിളിക്കുന്ന കുമാരി അനന്തന്‍ തമിഴ്‌നാട് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ പിതാവാണ്. മറ്റ് നാല് പെണ്‍മക്കള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.
കുമാരി അനന്തന്റെ വിയോഗം തമിഴ് സമൂഹത്തിന് തന്നെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി, വിസികെ മേധാവി കോള്‍ തിരുമാളവന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. എഐഎഡിഎംകെ അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമി, ടിഎന്‍സിസി മേധാവി കെ സെല്‍വപെരുന്തഗൈ, തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ, സിപിഐ, സിപിഎം സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, എംഡിഎംകെ മേധാവി വൈക്കോ, പിഎംകെ സ്ഥാപകന്‍ എസ് രാമദോസ്, ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത്, എഎംഎംകെ മേധാവി ടിടിവി ദിനകരന്‍, തമിഴക വെട്രി കഴകം മേധാവി വിജയ് എന്നിവര്‍ കുമാരി അനന്തന്റെ മരണത്തില്‍ അനുശോചിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനന്തന്‍ 17 പദയാത്രകളിലായി 5548 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് സെല്‍വപെരുന്തഗൈ പറഞ്ഞു. തമിഴ്‌നാട് നിയമസഭ അനുശോചനം അറിയിച്ചു. സ്പീക്കര്‍ എം അപ്പാവു അനുശോചന സന്ദേശം വായിച്ചതിന് ശേഷം അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി അംഗങ്ങള്‍ രണ്ട് മിനിറ്റ് മൗനമാചരിച്ചു. തമിഴ്ഭാഷയെ സേവിക്കുന്നതിനായി അനന്തന്‍ തന്റെ ജീവിതം സമര്‍പ്പിച്ചുവെന്നും പാര്‍ലമെന്റില്‍ തമിഴില്‍ സംസാരിക്കാനുള്ള അവകാശം സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിന് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തപാല്‍ വകുപ്പിന്റെ ഫോമുകളില്‍ തമിഴ് ഉപയോഗിക്കുന്നതിനുള്ള പോരാട്ടത്തിനും അനന്തനെ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ പ്രശംസിച്ചു. മദ്യനിരോധത്തിനായി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത് ജനിച്ച അദ്ദേഹം നാഗര്‍കോവില്‍ നിയോജക മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Be the first to comment