വീണ്ടും ഹിറ്റടിച്ച് ചാക്കോച്ചന്‍; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ ഇടം നേടി. കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന സിനിമയിൽ പ്രിയാമണിയാണ് നായിക. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധാനം. ‘ഇരട്ട’ സിനിമയുടെ സഹസംവിധായകനായിരുന്നു ജിത്തു അഷ്റഫ്. ഷാഹി കബീറാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജോസഫ്’, ‘നായാട്ട്’ തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഷാഹി കബീറാണ്. ‘പ്രണയവിലാസ’ത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്‌ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഈ സിനിമ വിതരണം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഈ വിജയം. ഇതിനുമുമ്പ് കുഞ്ചാക്കോ ബോബൻ നായകനായ ‘അഞ്ചാം പാതിര’, ‘ന്നാ താൻ കേസ് കൊട്’ എന്നീ സിനിമകൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുടെ വിജയവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*