
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം ഏർപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഒരേ സമയം 25 പേരിൽ കൂടുതൽ പേർ പാലത്തിൽ കയറരുതെന്ന സെക്രട്ടറിയുടെ പേരിലുള്ള മുന്നറിയിപ്പ് ബോർഡ് പാലത്തിൽ സ്ഥാപിച്ചു.
കീരംപാറ പഞ്ചായത്തിലെ ചാരുപാറയേയും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയേയും ബന്ധിപ്പിക്കുന്നതാണ് പെരിയാറിനു കുറുകെയുള്ള തൂക്കുപാലം. 185 മീറ്റർ നീളവും പെരിയാർപുഴ യിലെ ജലനിരപ്പിൽ നിന്നും 200 മീറ്റർ ഉയരവും തൂക്കു പാലത്തിനുണ്ട്.
നേര്യമംഗലം മലനിരകളുടെ പാശ്ചാത്തലത്തിൽ ഹരിതഭംഗിയുള്ള ശാന്തമായ ജലാശയവും കാനന ഭംഗിയും തൂക്കുപാലത്തിൽ നിന്നും ആസ്വദിക്കാൻ കഴിയും. സഞ്ചാരികളുടെ തിരക്ക് ഏറിയതോടെയാണ് പാലത്തിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഒരേ സമയം നിരവധി പേരാണ് തൂക്കുപാലത്തിൽ കയറുന്നത്.
ഇതോടൊപ്പം ഇരുചക്രവാഹനങ്ങളും ഇതിലൂടെ കയറ്റി കൊണ്ട് പോയിരുന്നു. പാലത്തിൽ കയറുന്നവരിൽ ചിലർ തൂക്കുപാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടുകയും പാലം കുലുക്കുകയും ചെയ്യുന്നത് ബലക്ഷയത്തിന് കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനാണ് ആളുകളുടെ എണ്ണം കുറച്ചിരിക്കുന്നത്.
Be the first to comment