നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ‘അതിജീവിതയായ നടിക്കൊപ്പം’ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ നീതിന്യായ സംവിധാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിത്. കേസിലെ നിർണായക തെളിവ് മാത്രമല്ല അക്രമത്തിനിരയായ സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതു കൂടിയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് അനധികൃതമായി തുറന്നതായി ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തിയത്.

കുറ്റക്കാരായ അങ്കമാലി കോടതി മജിസ്ട്രേറ്റ് ലീന റഷീദ് ,ജില്ലാ ജഡ്ജിയുടെ പേഴ്സണൽ സ്റ്റാഫ് മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെ കേസെടുക്കണമെന്നും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് നിവേദനം നൽകാനും സോഷ്യൽ മീഡിയ വഴി ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതി, നിയമവകുപ്പ് മന്ത്രി എന്നിവർക്ക് കത്തുകൾ അയയ്ക്കാനും യോഗം തീരുമാനിച്ചു. പ്രൊഫ കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കെ അജിത, എം സുൽഫത്ത്, രാജേഷ് ബി മേനോന്‍, ദീദി ദാമോദരൻ, സജിത മഠത്തിൽ, ആശ ആച്ചി ജോസഫ് ,നെജു ഇസ്മയിൽ, ഹാഫിസ് മുഹമ്മദ്, രതി മേനോൻ, ജ്യോതി നാരായണൻ, മായ എസ് തുടങ്ങിയവർ സംസാരിച്ചു. പ്രതികൾക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*