കേന്ദ്ര മാനദണ്ഡം പാലിച്ചില്ല; പാലം പണി നിർത്തിവച്ചു; യാത്രക്കാർ ദുരിതത്തിൽ

ഏറ്റുമാനൂർ : ദേശീയ ജലപാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള അളവില്ലാത്തതിനാൽ പണി നിർത്തിവച്ചു.

മാന്നാനം – കൈപ്പുഴ റോഡിലെ കുട്ടോമ്പുറം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉപരിതല ജലഗതാഗത വിഭാഗത്തിൻ്റെ ഇടപെടൽ മൂലം മുടങ്ങിയത്.
50 വർഷത്തിലധികം പഴക്കമുള്ള പാലത്തിൻ്റെ ബീമുകൾ ദ്രവിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുനർനിർമ്മിക്കുവാൻ തീരുമാനിച്ചത്.റീഹാബിലിറ്റേഷൻ പ്രൊജക്ടിൻ്റെ ഭാഗമായി നിർമാണാനുമതി ലഭിച്ച ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളിൽ ഒന്നാണിത് . റോഡിൻ്റെയും പാലത്തിൻ്റെയും നിർമാണം പുരോഗമിക്കുമ്പോഴാണ് നിർദിഷ്ട പാലത്തിന് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള അളവില്ലെന്ന് കണ്ടെത്തിയത്.

ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ട പെണ്ണാർ തോടിന് കുറുകയാണ് പാലം.
ദേശീയ ജലപാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിനു 41 മീറ്റർ നീളവും 12 മീറ്റർ വീതിയും വേണമെന്നാണു ചട്ടം .
എന്നാൽ 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമാണ് പുതിയ പാലത്തിന് വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് നിർമാണം പുരോഗമിക്കുമ്പോഴാണ് ഉപരിതല ജലഗതാഗത വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിലവിൽ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയുള്ള പാലത്തിൻ്റെ ബീമുകളും കൈവരികളും ദ്രവിച്ച് തകർന്ന് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇതോടെ പാലം അടയ്ക്കുകയും ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തു. ഇതുമൂലം ദിവസേന ഇതുവഴി കടന്നുപോയിരുന്ന നുറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.

കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം അനുസരിച്ചുള്ള അളവിൽ പാലം നിർമിക്കണമെങ്കിൽ നിലവിൽ അനുവദിച്ചിരിക്കുന്ന തുക പര്യാപ്തമല്ലെന്നാണ് കരാറുകാരൻ പറയുന്നത്. സർക്കാർ ഇനിയും തുക അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യണം. ഇതിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Be the first to comment

Leave a Reply

Your email address will not be published.


*