
കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹം രാവിലെ 10.30 ന് കൊച്ചിയിൽ എത്തും. കുവൈത്ത് സമയം രാത്രി 1.15 ഉടെ ഇന്ത്യൻ എയർഫോഴ്‌സിന്റെ C-130J വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
അപകടത്തിൽ മരണപ്പെട്ട 23 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊച്ചിയിൽ എത്തിക്കുന്നത്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് സംസ്ഥാനമന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും.
വിദേശകാര്യ സഹമന്ത്രി കെ വി സിങും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. 49 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 45 ഇന്ത്യക്കാരുടെയും 3 ഫിലിപ്പിനി പൗരന്മാരുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ 7 പേർ തമിഴ്‌നാട് സ്വദേശികളാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചശേഷം ശേഷിക്കുന്ന ഉത്തരേന്ത്യൻ സ്വദേശികളുടെ മൃതദേഹം ഡൽഹിയിൽ എത്തിക്കാനാണ് തീരുമാനം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ അഞ്ചുലക്ഷം രൂപവീതം ധനസഹായം, വ്യവസായി യൂസഫ് അലിയും, രണ്ടു ലക്ഷം രൂപവീതം വ്യവസായി രവി പിള്ളയും വാഗ്ദാനം ചെയ്തു.
Be the first to comment