എറണാകുളം: വയനാടിനോടുള്ള കേന്ദ്ര സർക്കാർ അവഗണന കേരളത്തോടുള്ള നിഷേധാത്മക നിലപാടിന്‍റെ ഭാഗമെന്ന് കെവി തോമസ്. ഇത് അംഗീകരിക്കാൻ കഴിയില്ലന്നും നിയമപരമായും മറ്റുമാർഗങ്ങളിലൂടെയും മുന്നോട്ട് പോകുമെന്നും ഡൽഹിയിലുളള കേരള സർക്കാർ പ്രതിനിധിയായ കെവി തോമസ് വ്യക്തമാക്കി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെക്കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്‌റ്റിൽ തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കേരളത്തിന്‍റെ ഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ നൂറ് ശതമാനം നഷ്‌ടപരിഹാരം ലഭിക്കുകയുള്ളൂ. കേന്ദ്രത്തിൽ നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്‌തതിനാൽ തനിക്ക് ഇതേ കുറിച്ച് അറിയാവുന്നതാണ്. കേരളം കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് കൃത്യമായ റിപ്പോർട്ട് നൽകിയതെന്നും കെവി തോമസ് ചൂണ്ടിക്കാണിച്ചു.
വയനാട് ദുരന്തത്തിന് ശേഷം ദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ചു. ആന്ധ്രയ്ക്ക് 7000 കോടിയുടെ നഷ്‌ടപരിഹാരം അനുവദിച്ചു. പല കാര്യത്തിലും കേരളത്തോട് കാണിക്കുന്ന അവഗണന ഈ കാര്യത്തിലും കേന്ദ്രം കാണിച്ചുവെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി.
ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. കേരളത്തെ കൈവിടില്ലന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കേരളത്തിന് വേണ്ടി പ്രതിപക്ഷവും ബിജെപിയും സർക്കാരിന് ഒപ്പം നിൽക്കണം. ഇത് സർക്കാറിന്‍റെ മാത്രം പ്രശ്‌നമല്ല കേരളത്തിന്‍റെ പ്രശ്‌നമാണ്. പ്രധാനമന്ത്രി സന്ദർശനം നടത്തിയപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു എന്നും കെവി തോമസ് പറഞ്ഞു.
ഈ വിഷയം വിട്ട് കളയില്ലെന്നും തുടർച്ചയായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദേഹം പറഞ്ഞു. പല ചെറിയ പ്രശ്‌നങ്ങൾക്കും കേന്ദ്രമന്ത്രിമാർ കേരളത്തിലേക്ക് ഒഴുകുകയാണ്. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം വയനാടിന്‍റെ കാര്യത്തിൽ എടുത്തില്ലന്നും കെവി തോമസ് കുറ്റപ്പെടുത്തി.
Be the first to comment