ന്യൂഡൽഹി: കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.
കെവൈസി അപ്ഡേഷൻ എന്ന പേരിൽ ഫോൺ കോളുകൾ/എസ്എംഎസ്/ഇ- മെയിലുകൾ എന്നി രൂപത്തിൽ വരുന്ന വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാതെ ഉപഭോക്താക്കൾ വ്യക്തിഗത വിവരങ്ങൾ, അക്കൗണ്ട്/ലോഗിൻ വിശദാംശങ്ങൾ നൽകുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതിന് പുറമേ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഉപഭോക്താക്കൾ അറിയാതെ ഫോണിൽ നിയമവിരുദ്ധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് ആർബിഐയുടെ മുന്നറിയിപ്പിൽ പറയുന്നു.
തട്ടിപ്പുകാർ പറയുന്നത് കേൾക്കാത്ത പക്ഷം ഭീഷണിപ്പെടുത്തുന്ന രീതിയും ഇവർ അവലംബിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും തടയുമെന്നുമെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ഭീഷണികളിൽ വീണ് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും ആർബിഐ വ്യക്തമാക്കി.
കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഫോൺ കോളുകളോ, സന്ദേശമോ വന്നാൽ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം നമ്പർ എടുത്ത് വിളിക്കാൻ ഉപഭോക്താവ് തയ്യാറാകണം. തട്ടിപ്പിൽ വീണാൽ ഉടൻ തന്നെ ബാങ്കിനെ വിളിച്ച് അറിയിക്കണമെന്നും ആർബിഐ വ്യക്തമാക്കി.
Be the first to comment