ഭൂമിയിടപാട് കേസ്; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഇതില്‍ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ ജനുവരി രണ്ടാംവാരം കേള്‍ക്കും.

സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് കര്‍ദിനാളിനുവേണ്ടി സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരിട്ട് കര്‍ദിനാള്‍ കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതിവിധി മറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ വാദിച്ചു. നിയമത്തില്‍ മത മേലധ്യക്ഷന്മാര്‍ക്ക് പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് കോടതിയിൽ പറഞ്ഞു. 

നേരത്തെ കേസില്‍ നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഏഴ് കേസുകളില്‍ വിചാരണ നേരിടാനാണ് കര്‍ദിനാളിനോട് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ല. 

അതേസമയം ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസില്‍ നേരത്തെ പോലീസും ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*