
പാലക്കാട്: പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി അളന്നിട്ട ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ല എന്ന് പരാതി. പൊളിഞ്ഞു വീഴാറായ വീടുകൾ നന്നാക്കാനോ സ്ഥലം വിറ്റുപോകാനോ സാധിക്കാതെ 35 ഓളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് 4 മണിക്കൂറിനു മുകളിലുണ്ട് ഓട്ടം. ഇതിനു 2018ൽ വന്നതാണ് രണ്ടു മണിക്കൂറെന്ന പരിഹാരം- 121 കിലോമീറ്റർ ദൂരത്തിൽ ഗ്രീൻ ഫീൽഡ് ഹൈവേ. മൂന്ന് ജില്ലകളിലായി അളന്നത് 544 ഹെക്ടർ നിലമാണ്. 8000 കോടി പദ്ധതിയിൽ പകുതി നിർമ്മാണ പ്രവർത്തനങ്ങൾക്കും മറുപകുതി നഷ്ടപരിഹാരത്തിനും. ഒരു വർഷം മുന്നേ അങ്ങനെ അളന്നെടുത്ത നിലത്തെ പൊളിഞ്ഞു തൂങ്ങിയ കൂരയിലാണ് കദീജ കഴിയുന്നത്.
ഹൈവേക്കെടുത്തതിനാൽ പുതുക്കിപ്പണിയാനോ വിറ്റൊഴിവാക്കാനോ പറ്റാത്ത സ്ഥിതിയാണ്. മണ്ണാർക്കാട് ഒന്നാം വില്ലേജിലെ കൈതച്ചിറ പ്രദേശത്ത് ഉൾപ്പെട്ട 35 കുടുംബങ്ങൾക്കാണ് ഈ സ്ഥിതി വന്നിരിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ എല്ലാം കൃത്യമായി പണം നൽകിയിട്ടും ഇവരോട് മാത്രം മുഖം തിരിക്കുന്നു എന്നാണ് ആരോപണം.
ആകെയുള്ള വീടിൻ്റെയും സ്ഥലത്തിൻ്റെയും സകല രേഖകളും എന്നേ ദേശീയപാത അതോറിറ്റിയിൽ ഏൽപ്പിച്ചു. അനുകൂല തീരുമാനത്തിനായി നാളെണ്ണി കാത്തിരിക്കുകയാണിവർ. എന്നാൽ മാർച്ച് 31നകം ഇവർക്ക് പണം നൽകുമെന്നാണ് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചത്.
Be the first to comment