കൊച്ചി : പള്ളിക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഏകദേശം 40 അടി ഉയരത്തിൽ നിന്നാണ് മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്ക് വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ പിൻവശം പൂർണ്ണമായും തകർന്നു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ജോമോനേയും ഭാര്യ സൗമ്യ, മക്കളായ അൽന ജോമോൻ, ആൽബിൻ എന്നിവരെയും മാറ്റിപ്പാർപ്പിച്ചു. മക്കൾ പഠിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. കുട്ടികൾ ഭക്ഷണം കഴിക്കാനായി ഇരിക്കാൻ തുടങ്ങുമ്പോഴാണ് മണ്ണിടിഞ്ഞ് വീണത്. പിന്നാലെ നാല് പേരും കൂടി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും അതുകൊണ്ടാണ് ജീവൻ തിരികെ കിട്ടിയതെന്നും ജോമോൻ പറഞ്ഞു.
കുട്ടികളുടെ ദേഹത്ത് ചെളിയും മണ്ണും ആയിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. വിവരം അറിഞ്ഞ് പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത്തെത്തി വീട്ടിലെ ആവശ്യ സാധനങ്ങൾ വീണ്ടെടുത്തു. ശേഷം കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ, വി.വൈ. ഷമീർ , അരവിന്ദ് കൃഷണൻ, ആർ രതീഷ്, വി പി ഗഫൂർ ,സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
Be the first to comment