ഉരുള്‍പൊട്ടല്‍ കൂടുതലും മനുഷ്യ ഇടപെടലില്ലാത്ത കാടുകളില്‍, കാരണം തീവ്ര മഴയെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടലിന് പ്രധാന കാരണം, പൊതുവേ ആരോപിക്കപ്പെടുന്നതു പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലെന്ന് വിദഗ്ധര്‍. തീവ്രമഴയാണ് പലപ്പോഴും ഉരുള്‍പൊട്ടലിനു കാരണമാവുന്നതെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും ഉള്‍പൊട്ടലുകളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നയാളുമായ കെഎസ് സജിന്‍കുമാര്‍ പറഞ്ഞു.

”കാര്യമായ മനുഷ്യ ഇടപെടല്‍ ഒന്നുമില്ലാത്ത കാടുകളിലാണ് പലപ്പോഴും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവുന്നത്. നിരന്തരമായ, തീവ്ര മഴയാണ് ഇതിനു കാരണം”- സജിന്‍കുമാര്‍ പറയുന്നു. രാജ്യത്തെ പല പ്രദേശങ്ങളിലും നടന്ന ഉരുള്‍പൊട്ടലുകള്‍ പഠന വിധേയമാക്കിയതിന്റെ അനുഭവത്തിലാണ് സജിന്‍കുമാറിന്റെ വിലയിരുത്തല്‍.

മനുഷ്യന്റെ പ്രവൃത്തികള്‍ കാര്യങ്ങള്‍ വഷളാക്കുന്നുണ്ടാവാം. എന്നാല്‍ അതു മാത്രമല്ല, ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ കാരണം. അങ്ങനെയെങ്കില്‍ എല്ലാ സീസണിലും ഉരുള്‍പൊട്ടല്‍ ഉണ്ടാവേണ്ടതാണ്. മരണ സംഖ്യ കൂടാന്‍ ഇടയാക്കുന്നതില്‍ മനുഷ്യ പ്രവൃത്തികള്‍ക്കു പങ്കുണ്ട് എന്നതില്‍ സംശയിക്കേണ്ടതില്ല. ഉരുള്‍പൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടത്തെ മനുഷ്യ വാസം കുറയ്ക്കലാണ് അതിനു മാര്‍ഗം. ഉരുള്‍ ഒഴുകിവരാനിടയുള്ള വഴികളും കൃത്യമായി മാപ്പ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*