അതിർത്തികളില്ലാതെ ഭാഷകൾ; ഇന്ന് ലോക മാതൃഭാഷാ ദിനം

CG Athirampuzha

മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിനം- ഫെബ്രുവരി 21. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ലോകമാതൃഭാഷാദിനമായി ആചരിച്ചു തുടങ്ങി. 2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച പ്രസ്ഥാവനയിലൂടെ എക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.

1952ല്‍ ബംഗ്ലാദേശില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വ്വകലാശാലയിലെ നാലു വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ഇതിന്റെ സ്മരണയ്ക്കായാണ് ലോകമാതൃ ഭാഷാദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ നാടുകളിലും സ്വന്തം ഭാഷയ്ക്കു വേണ്ടി മുറവിളി ഉയരുമ്പോള്‍ മലയാളം സംസാരിക്കുന്നത് തെറ്റാണെന്നും മോശമാണെന്നും കരുതുന്ന ഒരു തലമുറയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ജീവിതത്തിന്റെ സകലമേഖലകളിലും ഇംഗ്ലീഷ് ആഴത്തില്‍ സ്വാധീനം ചെലുത്തിയപ്പോള്‍ മലയാളം ‘വൃദ്ധസദന’ത്തിലായി. എന്നാല്‍ അതിനെ ശക്തമായി തിരിച്ചുപിടിച്ചു കൊണ്ട് ശ്രേഷ്ഠഭാഷാ പദവിയിലേക്കുയര്‍ത്തിയിട്ടും അകാല വാര്‍ദ്ധക്യത്തില്‍ പിടയുകയാണ് നമ്മുടെഭാഷ. നമ്മുടെ ഭാഷ നമ്മുടെ അവകാശമാണ്. അവകാശത്തെ ചോദിച്ചു വാങ്ങേണ്ട നമ്മള്‍ അറപ്പോടെ അവയെ അവഗണിക്കുകയാണ്. അതിനാണല്ലോ ‘അമ്മേ…’ എന്നു വിളിച്ച നാവുകൊണ്ടുതന്നെ മലയാളം പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ഞാന്‍ പോകില്ലായെന്ന് നമ്മുടെ പുത്തന്‍ തലമുറ പറയുന്നത്.

സ്വന്തം ഭാഷയെ തിരിച്ചു കൊണ്ടുവരാന്‍ സ്വന്തം ദേശക്കാരില്‍ നിന്നു തന്നെ ഇത്രയോറെ വെല്ലുവിളി നേരിടുന്ന ഭാഷ ഒരുപക്ഷേ മലയാളം മാത്രമാകും. രാഷ്ട്രം അംഗീകരിച്ചിട്ടുള്ള അഞ്ച് ശ്രേഷ്ഠഭാഷകളില്‍ ഒന്നും, ലോകഭാഷകളില്‍ ഇരുപതാം സ്ഥാനവുമുള്ള നമ്മുടെ ഭാഷയുടെ അവസ്ഥയാണിത്. മൂന്നരക്കോടിയോളം വരുന്ന വലിയൊരു ജനവിഭാഗത്തിന്റെ മാതൃഭാഷയായ മലയാളത്തെ മാനിക്കേണതും ഉയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്. വീട്ടുമൊഴിയും നാട്ടുമൊഴിയുമെല്ലാം അതിന്റെ ഈണത്തിലും താളത്തിലും മധുരമലയാളത്തിന്റെകിളിക്കൊഞ്ചലിന് വഴിയാകട്ടെ…. ചരിത്രവീഥികളില്‍ തുഞ്ചന്റെ തത്തയുടെ തൂവലുകള്‍ ഇനിയുംഅടയാളപ്പെടുത്തപ്പെടട്ടെ. മലയാളഭാഷയുടെ സ്വത്വത്തിനുവേണ്ടി; നമുക്കും ഏറ്റു ചൊല്ലാം എം.ടി.യുടെ പ്രതിജ്ഞ: ‘എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്, എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്. ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.’

മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടു കൂടി നമ്മുടെ നാട് മാതൃഭാഷയ്ക്കു കൊടുക്കുന്ന പ്രാധാന്യവും അംഗീകാരവും എത്രത്തോളമുണ്ടെന്ന കാര്യം ചിന്തനീയമാണ്. തൊഴില്‍ നേടണമെങ്കില്‍ മറ്റു ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മൾ മലയാളികൾക്ക് മറ്റു ഭാഷകളും സ്വായത്തമാക്കിയേ മതിയാകൂ എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ഇന്നു നിലവിലിരിക്കുന്ന മാതൃഭാഷയോടുള്ള അവഗണന ജുഗുപ്സാവഹം തന്നെ. വായ്മൊഴിയായും വരമൊഴിയായും മലയാളം അഭ്യസിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി ഓരോ മലയാളിക്കും ഉണ്ടാകേണ്ടതാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തെ മുറുകെപ്പിടിക്കാന്‍ മാതൃഭാഷയുടെ പിന്‍ബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവിലേക്കുള്ള കാലം വളരെ വൈകിയിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*