അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം: 250ലേറെ പേർ മരിച്ചു, മരണ സംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. ഏകദേശം 250ലേറെ  പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ  ഉയര്‍ന്നേക്കുമെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനത്തിൽ 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

”പക്തിക പ്രവിശ്യയിലെ നാലു ജില്ലകളിൽ കഴിഞ്ഞ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഡസൻ കണക്കിന് വീടുകൾ തകർന്നു”- സർക്കാർ വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*