
കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബെംഗളൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്ക്വാർഡും ചേർന്നാണ് ഇവരെ പിടികൂടിയത്.
ഇരുവരും ബെംഗളൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്.
കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ കഴിഞ്ഞദിവസം ബെംഗളൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. വയനാട് മുത്തങ്ങ വഴി സംഘം കേരളത്തിലേക്ക് വലിയ അളവിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ബെംഗളൂരിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടുകൂടി ലഹരി കടത്തൽ കേസിലെ പ്രതികളുടെ എണ്ണം 4 ആയി. ഫെബ്രുവരി 24 ന് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മലപ്പുറം സ്വദേശിയായ ഷഫീഖിന്റെ കൈയിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ഈ ലഹരി മാഫിയ സംഘത്തെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
Be the first to comment