ഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി; ഇന്ന് പൊതുദർശനം, സംസ്കാരം നാളെ ചേന്ദമംഗലത്തെ പാലിയം തറവാട്ടിൽ

പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. മൃതദേഹം തൃശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. ഉച്ചയ്ക്ക് 12:30ന് പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകിട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.

ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*