വിടപറഞ്ഞ കലാസംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം

ലോസാഞ്ചല്‍സ്: പ്രമുഖ കലാ സംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം. ലഗാന്‍, ജോധാ അക്ബര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നിതിന്‍ ദേശായിയെ മരണാനന്തര ബഹുമതിയായിട്ടാണ് ആദരമര്‍പ്പിച്ചത്. വിടപറഞ്ഞ കലാകാരന്മാര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഇന്‍ മെമോറിയത്തിലാണ് നിതിന്‍ ദേശായിയും ഉള്‍പ്പെട്ടത്. അദ്ദേഹം ചെയ്ത സിനിമയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ചിത്രവും വേദിയില്‍ കാണിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുംബൈയിലെ തൻ്റെ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ നിതിന്‍ ദേശായിയെ കണ്ടെത്തുന്നത്.

ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. അദ്ദേഹത്തിൻ്റെ മരണത്തില്‍ അന്വേഷണം നടക്കുകയായാണ്. ദേവദാസ്, മുന്നാഭായ് എംബിബിഎസ്, പ്രേം രതന്‍ ധന്‍ പായോ തുടങ്ങിയ നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. 20 വര്‍ഷം നീണ്ട കരിയറില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരായ അഷുതോഷ് ഗൗരികര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. നിതിന്‍ ദേശായിക്ക് നല്‍കിയ ആദരത്തിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ഇന്ത്യന്‍ സിനിമാപ്രേമകളാണ് രംഗത്തെത്തുന്നത്. പ്രമുഖ സിനിമാ നിരൂപക അനുപമ ചോപ്രയും പ്രതികരണവുമായി എത്തി. നിതിന്‍ ദേശായിയുടെ വര്‍ക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നതില്‍ സന്തോഷമുണ്ടെന്നാണ് അവര്‍ കുറിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*