ഔദ്യോഗികവാഹനത്തില്‍ സ്വകാര്യയാത്ര; 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് ലതികാ സുഭാഷിന് നിര്‍ദേശം

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലുള്ള പോര് മുറുകുന്നു. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എം.ഡി. നിര്‍ദേശിച്ചു.

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായി എം.ഡി. നല്‍കിയ കത്തിലുണ്ട്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഔദ്യോഗിക വാഹനമായ കെ.എല്‍-05 എ.ഇ. 9173 കാര്‍ കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്‌സണ്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് എം.ഡി.യുടെ കത്തില്‍ പറയുന്നു. എം.ഡി. പ്രകൃതി ശ്രീവാസ്തവ, ചെയര്‍പേഴ്‌സന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*