അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകർപ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെ 29 പേർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്.
പ്രതിഷേധിച്ച അഭിഭാഷകർ കോടതിയിലേക്ക് അതിക്രമിച്ചു കയറിയെന്നും കോടതി നടപടികളടക്കം തടസ്സപ്പെടുത്തിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി ജനങ്ങൾക്കിടയിൽ നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകർ കോടതി നടപടികൾ 8 മിനിട്ടോളം തടസപ്പെടുത്തിയതായി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
2013 ൽ തട്ടിപ്പ് കേസിൽ പ്രതിയായ മണർകാട് സ്വദേശി രമേശന് ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ എ.പി.നവാബ് ഹാജരാക്കിയ വ്യാജരേഖകളാണെന്ന് മജിസ്ട്രേറ്റ് കണ്ടെത്തിയിരുന്നു. വിഷയത്തിൽ അഭിഭാഷകനെതിരെ കേസെടുക്കാനും നിർദേശം നൽകി. തുടർന്ന് കോട്ടയം സിജെഎമ്മിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ കേസെടുത്തു. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്ന് തെളിഞ്ഞതോടെ ആയിരുന്നു നടപടി. ഇതിനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. സംഭവത്തിൽ ബാർ കൗൺസിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Be the first to comment