മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ തിരിച്ചടി നേരിട്ട സംഭവത്തില്‍ മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഘടിത നീക്കമാണ് മാസപ്പടി ആരോപണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാള്‍ കേമനാണെന്ന് വരുത്താന്‍ നടത്തിയ ശ്രമമാണെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു.

‘മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് എത്രനാളായി, ലാവ്‌ലിന്‍ കേസ് എല്ലാ കോടതിയും തള്ളിയില്ലേ. മാധ്യമങ്ങള്‍ പ്രചാരവേല നടത്തുകയാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് കോടതിയില്‍ പൊളിഞ്ഞു. ഒരു കടലാസ് പോലും കോടതിയില്‍ കൊടുക്കാനുണ്ടായില്ല. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് ഒരാള്‍ക്ക് ഇവിടെ അധ്വാനിച്ച് ജീവിക്കാനാകില്ല? എന്നെ പോലൊരാളെ വ്യക്തിഹത്യ നടത്താന്‍ നിങ്ങള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല’, ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമലംഘനമോ ചട്ടലംഘനമോ നടത്തിയിട്ടില്ല. പാര്‍ട്ടി അറിഞ്ഞിരുന്നു. താന്‍ എത്രയോ ദിവസം മുമ്പ് അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങള്‍ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നതെന്നും ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന ചോദ്യത്തിന് നിങ്ങള്‍ കൊടുക്കുമോ ചെലവെന്നായിരുന്നു മറുപടി.

‘നിങ്ങളോട് പറഞ്ഞാലാണോ പരസ്യമാകുക? ഞങ്ങള്‍ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള അവകാശം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ട. നിങ്ങളോട് ചോദിച്ചല്ല ഞങ്ങള്‍ പോകുന്നത്. നിങ്ങളെ അറിയിക്കേണ്ട ആവശ്യവുമില്ല. മുഖ്യമന്ത്രി പോയതില്‍ ഒരു പിശകും ഞങ്ങള്‍ കാണുന്നില്ല’, ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിൻ്റെ കാര്യമാണെന്നും അതില്‍ സിപിഐഎമ്മിന് ഒരു പങ്കുമില്ലെന്നും പറഞ്ഞ ഇ പി ജയരാജന്‍, മുഖ്യമന്ത്രി യാത്ര നടത്തുമ്പോള്‍ ചുമതല കൈമാറുന്ന പതിവില്ലെന്നും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*