സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി മടങ്ങി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട.

സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തില്‍ ആക്കിയ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ പി ജയരാജൻ്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ യോഗത്തിന് ശേഷം വിഷയത്തില്‍ ഇ പി പ്രതികരിച്ചില്ല. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന്‍ വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു.’ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസൂത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ എന്നായിരുന്നു മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*