എൽഡിഎഫ് തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും : എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമാണെന്നും എല്ലാം തിരുത്തി ഇടതുപക്ഷ മുന്നണി മുന്നോട്ട് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുൽഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ എന്തായിരുന്നു കേസെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരിലെ തോൽവിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86965 വോട്ട് യുഡിഎഫിന് കുറഞ്ഞു.16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തി.

തോൽവി പാഠമാകണമെന്നും പോരായ്മകൾ പരിശോധിച്ച് മുന്നോട്ടു പോകണമെന്നുമാണ് പി ജയരാജന്റെ ഒളിയമ്പ്. പാർട്ടിക്കകത്ത് തിരുത്തൽ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലെ പാഠം ഉൾക്കൊണ്ട് ജനങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്നും പി ജയരാജൻ പറഞ്ഞു.പരാജയപ്പെട്ടാലും വിജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുക. ആ പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും പി ജയരാജൻ പറഞ്ഞു. സർക്കാരിനെതിരെ അതിരൂക്ഷമായ വിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. ഭരണരംഗത്തെ പോരായ്മകളും പാർട്ടിക്കകത്ത് ആവശ്യമായ തിരുത്തലുകളും വേണമെന്ന ധ്വനിയാണ് പി ജയരാജൻ്റെ പ്രതികരണത്തിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*