കോട്ടയം നഗരസഭാ ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചു എൽ.ഡി.എഫ് സമരത്തിന്

കോട്ടയം: നഗരസഭാ ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചു എൽ.ഡി.എഫ് സമരത്തിന്. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചതിലെ അഴിമതി അന്വേഷിക്കുക, അറവുശാലയും കോടിമതയിലെ ആധുനിക മത്സ്യമാർക്കറ്റും പകൽവീടും ഉമ്മൻചാണ്ടി സപ്തതി സ്മാരക മിനി ഓഡിറ്റോറിയവും തുറന്നുപ്രവർത്തിക്കുക, നെഹ്റു സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ചുങ്കത്തുമുപ്പത് പാലം നിർമാണത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധ സദസ് നടത്തുന്നത്. ഇന്നു തിരുനക്കര പഴയ ബസ് സ്റ്റാൻഡിനുസമീപം വൈകിട്ട് നാലിന് നടക്കുന്ന സദസ് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്യും.

തുടക്കം മുതൽ തന്നെ നഗരസഭാ ഭരണം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഭരണ പ്രതിപക്ഷ ബഹളങ്ങൾക്കൊപ്പം ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാൻ ബി. ഗോപകുമാറും തമ്മിലുള്ള പോര് ഭരണ പക്ഷത്ത് തന്നെ ഏറെ ഭിന്നത സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള ആരോപണങ്ങൾ കൗൺസിൽ യോഗത്തിൽ പതിവായി മാറി. 

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ചെടികൾ വളർത്താനുള്ള എച്ച്.ഡി.പി.ഇ പെട്ടികളുടെ വിതരണം വാർഷിക പദ്ധതിയിൽനിന്ന് ഒഴിവാക്കി ഈ തുക വാർഡ് വർക്കിന് അനുവദിക്കാമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർദേശിച്ചതിനു പിന്നാലെ വൈസ് ചെയർമാനും ഭരണ കക്ഷി നേതാവുമായ എം.പി. സന്തോഷ് കുമാറുമായി തർക്കം ഉടലെടുത്തു. പലരും എച്ച്.ഡി.പി.ഇ പെട്ടികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ ഒഴിവാക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു സന്തോഷിന്റെ വാദം. തർക്കം രൂക്ഷമായതോടെ വ്യക്തിപരമായ ആക്ഷേപങ്ങളും യോഗത്തിൽ ഉണ്ടായി.

 

Be the first to comment

Leave a Reply

Your email address will not be published.


*