ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ അമേസിന്റെ ടീസര്‍ പുറത്തിറക്കി. വലിയ ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളും അടങ്ങിയ ടീസര്‍ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വരുന്ന ഏതാനും ആഴ്ചകള്‍ക്കകം പുതിയ അമേസ് വിപണിയില്‍ എത്തു മെന്നാണ് പ്രതീക്ഷ.
2013ലാണ് ഹോണ്ട അമേസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അമേസിന്റെ രണ്ടാം തലമുറ 2018ലാണ് വിപണിയില്‍ എത്തിയത്. 2024 അവസാനത്തോടെ അമേസിന്റെ പുതിയ തലമുറ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍.
ഹോണ്ട സിറ്റിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമേസിന്റെ പുതിയ ഫ്രണ്ട് എന്‍ഡ് ഡിസൈന്‍ ആണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.ഗ്രില്ലിന്റെ രൂപകല്‍പ്പനയും വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്. സിറ്റി e:HEV യുമായി സമാനതകള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഹെഡ്ലാമ്പ് ഹൗസിങ്ങും പുതിയതാണ്.
ബോള്‍ഡ് ഡിസൈന്‍, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ വിശ്വാസ്യത എന്നിവ ചേര്‍ത്താണ് പുതിയ അമേസ് എന്നാണ് കമ്പനി പറയുന്നത്. കൂടുതല്‍ കോണാകൃതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പ്രൊവിഷനിലാണ് ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹോണ്ട അമേസിന് 4 മീറ്ററില്‍ താഴെ നീളമുണ്ടാകും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോട് കൂടിയായിരിക്കും പുതിയ വാഹനം വിപണിയില്‍ എത്തുക. മാനുവല്‍, എഎംടി ഗിയര്‍ബോക്സ് എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാവും.
Be the first to comment