ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതുതലമുറ കാറായ ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മികച്ചഡ്രൈവിങ് അനുഭവത്തിനായി നിരവധി പരിഷ്‌ക്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 1.2ലിറ്റര്‍ 4സിലിണ്ടര്‍ SOHC i-VTEC പെട്രോള്‍ എന്‍ജിനുമായാണ് വാഹനം നിരത്തിലിറങ്ങുക. ഇത് പരമാവധി 90PS പവറും 110Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5സ്പീഡ് MT, CVT ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. CVT ഓപ്ഷന് 19.46 കിലോമീറ്റര്‍ മൈലേജും മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന് 18.65 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ ‘മിനിസിറ്റിക്ക്’ ഹോണ്ട എലിവേറ്റ് എസ്യുവിയോട് ഏറെ സാമ്യമുണ്ട്. കുത്തനെയുള്ള ഫ്രണ്ട് ഗ്രില്ലില്‍ തേനീച്ചക്കൂടിന് സമാനമായ ഒരു ഹണികോംബ് മെഷ് ഡിസൈന്‍ ഉണ്ട്. ഇരട്ടഎല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മുന്‍വശത്തിന് കൂടുതല്‍ അഴക് പകരുന്നു. വശങ്ങള്‍ ഹോണ്ട സിറ്റിയോട് സാമ്യമുള്ളതാണ്. പുതിയ അലോയ് വീലുകളും ശക്തമായ ഷോള്‍ഡര്‍ ലൈനുമാണ് മറ്റു പ്രത്യേകതകള്‍.
പിന്നിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സിറ്റിക്ക് സമാനമായ ഒരു രൂപം നല്‍കുന്നു. അകത്തളം എലിവേറ്റുമായി ഏറെ സാമ്യമുള്ളതാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇരുവശത്തും അധിക ചാര്‍ജിങ് പോര്‍ട്ടുകളുള്ള വയര്‍ലെസ് ചാര്‍ജര്‍, സെമിഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തിന് മനോഹാരിത പകരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഫോഗ് ലാമ്പുകള്‍, ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡില്‍ സംയോജിപ്പിച്ചിരിക്കുന്ന കാമറ അധിഷ്ഠിത സിസ്റ്റം നല്‍കുന്ന അഉഅട പ്രവര്‍ത്തനം എന്നിവ കാറില്‍ ക്രമീകരിച്ചിട്ടുണ്ട്.
Be the first to comment