പ്രമുഖ ബ്രിട്ടീഷ് മോട്ടോർ ബൈക്ക് നിർമാതാക്കളായ ബിഎസ്എ ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ഗോൾഡ് സ്റ്റാർ 650 എന്ന മോഡലുമായാണ് കമ്പനി ഇന്ത്യൻ മാർക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബൈക്ക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു വിപണിയിലെത്തുമെന്നാണ് വാർത്തകൾ. ജാവയും യെസ്‌ഡിയും തിരികെ ഇന്ത്യൻ വിപണിയിലെത്തിച്ച ബിഎസ്എ ഗോൾഡ് സ്റ്റാർ കൂടി തിരിച്ചുകൊണ്ടുവരുന്നതോടെ ഒരുകാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്നു മോഡലുകളും വീണ്ടും നിരത്തുകളിലേക്കെത്തുകയാണ്.
കഫേറേസർ സെഗ്മന്റിലേക്കു വരുന്ന സ്റ്റാർ ഗോൾഡ് 650 മത്സരിക്കാൻ പോകുന്നത് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററുമായാണ്. എന്തൊക്കെയാണ് പുതിയ സ്റ്റാർ ഗോൾഡിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.
ഡിസൈൻ
ക്ലാസിക് ബ്രിട്ടീഷ് സ്റ്റൈൽ നിലനിർത്താൻ കമ്പനി ആകുംവിധം ശ്രമിച്ചിട്ടുണ്ട്. ഈ ഡിസൈനിലൂടെ പഴമയോട് ചേർന്ന് നിൽക്കുന്നു എന്നുറപ്പിക്കുകയാണ് കമ്പനി. സിഗ്നേച്ചർ നിലനിർത്തുന്നത് വണ്ടിയുടെ ഫ്യുവൽ ടാങ്കിലാണ്. ക്രോമിന്റെ അതിപ്രസരമുള്ള ഡിസൈൻ അതുപോലെ നിലനിർത്താനാണ് കമ്പനി തീരുമാനിച്ചത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ് ലാമ്പുകളും കൂടുതൽ വിരിഞ്ഞ കാൻഡിൽ ബാറുമാണ് കമ്പനി സ്റ്റാർ ഗോൾഡിന് നൽകിയിരിക്കുന്നത്.
സിംഗിൾ പീസ് സീറ്റും, രണ്ട് സെക്ഷനായി നിൽക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് വണ്ടിയെ ആകര്ഷകമാകുന്ന മറ്റു കാര്യങ്ങൾ.
പ്രത്യേകതകൾ
പഴമ അതുപോലെ നിലനിർത്തുന്നതാണ് സ്റ്റാർ ഗോൾഡിന്റെ ഡിസൈനെങ്കിൽ, അതിനൊപ്പം നിൽക്കുന്ന ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് വണ്ടി പുറത്തിറങ്ങുന്നത്. ക്ലാസിക് സ്വഭാവം നിലനിർത്തുമ്പോൾ തന്നെ രണ്ട് സെക്ഷനായി നിൽക്കുന്ന ട്വിൻ-പോഡ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അത്യാധുനികമാണ്. അതുമാത്രമല്ല ഒരു ഹാലൊജൻ ലാമ്പുകൂടി വണ്ടിയിൽ പുതുതായി വരുന്നുണ്ട്.
യുഎസ്ബി ചാർജിങ് പോർട്ടും സ്ലിപ്പർ-ക്ലച്ചും ഡ്യുവൽ ചാനൽ എബിഎസും പുതിയ മോഡലുകൾക്കൊപ്പം പിടിച്ച് നിൽക്കുന്നതാണ് വണ്ടിയെന്ന് തെളിയിക്കുന്നതാണ്. ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കും പിറകിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബുകളും വണ്ടിയുടെ പ്രത്യേകതയാണ്. മുൻവശത്ത് 18 ഇഞ്ചും പിൻഭാഗത്ത് 17 ഇഞ്ചുമുള്ള ടയറുകളാണ് കമ്പനി സ്റ്റാർ ഗോൾഡിന് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുമുണ്ട്.
എഞ്ചിൻ
ക്ലാസിക് ഡിസൈനിനും അത്യാധുനിക സംവിധാനങ്ങൾക്കുമപ്പുറം മികച്ച എൻജിനാണ് കമ്പനി സ്റ്റാർ ഗോൾഡിന് നൽകിയിരിക്കുന്നത്. 652 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വണ്ടിക്കുള്ളത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ സിലിണ്ടർ വേണ്ടിയായിരിക്കും. ഈ ലോങ്ങ് സ്ട്രോക്ക് എഞ്ചിൻ 45 എച്ച്പി പവറും 55 എൻഎം ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഫൈവ് സ്പീഡ് ഗെർബോക്‌സാണ് വണ്ടിക്കുള്ളത്.
Be the first to comment