
രാഷ്ട്രീയ മുന്നണി സമവാക്യങ്ങൾ മാറിയേക്കുമെന്ന ചർച്ചകൾക്കിടയിൽ കേരള സർക്കാരിന്റെ നവകേരള പരിപാടിയുടെ വേദിയിൽ മുസ്ലിം ലീഗ് നേതാവ്. ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എൻ കെ അബൂബക്കറാണ് നവകേരള സദസ്സിന്റെ പ്രഭാത വിരുന്നിൽ പങ്കെടുക്കാനെത്തിയത്. നവകേരള സദസിന് ആശംസയറിയിച്ച അബൂബക്കർ, ലീഗിന്റെ പ്രതിനിധിയായിട്ടല്ല താനെത്തിയതെന്നും പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സിപിഎമ്മുമായി കൂടുതൽ അടുക്കുന്നുവെന്ന് ആരോപണങ്ങൾ നിലനിൽക്കെയാണ് സംഭവം. സി എച്ച് സെന്‍റർ ട്രെഷറർ കൂടിയാണ് എൻ കെ അബൂബക്കർ.
തീരുമാനിച്ചുറപ്പിച്ചാണോ ലീഗ് ഇറങ്ങിയിരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുക്കുന്നതിലൂടെ ഉയരുന്നത്. കൂടുതൽ ലീഗ് നേതാക്കൾ പങ്കെടുക്കുമെന്ന് സൂചനകൾ വരുന്നതിലൂടെ നവകേരള യാത്ര കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ ചില ചുവടുമാറ്റങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് വിലയിരുത്തേണ്ടി വരും.
Be the first to comment