നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, 7 മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്

കൊച്ചി: നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിക്കും ചികിത്സ തേടിയെത്തിയ എഴുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നര സെന്‍റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്.

മരുന്നുകള്‍ കഴിച്ചിട്ടും ബുദ്ധിമുട്ടുകള്‍ കുറയാതെ വന്നതോടെ എക്സ് റേ പരിശോധനയിലാണ് ശ്വാസകോശത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രക്ഷിതാക്കള്‍ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാല്‍ ഇത് എല്‍ഇഡി ബള്‍ബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്‌‍ബാണെന്ന് വ്യക്തമാവുന്നത്.

കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്തത്. അനസ്തീഷ്യ വിഭാഗത്തിലെ ഡോ. തുഷാര, ഡോ. ശ്രീരാജ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ കളിപ്പാട്ടങ്ങളിലേയും മറ്റും ചെറിയ വസ്തുക്കള്‍ അകത്ത് ചെന്ന നിലയില്‍ ചികിത്സയില്‍ എത്താറുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി ചികിത്സാ സഹായം തേടിയെത്തുന്നത് ആദ്യമായാണ് എന്നാണ് ഡോ. ടിങ്കു ജോസഫ്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*