‘ഇങ്ങനെയാവണം പ്രധാനമന്ത്രി’; നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ നായകന്‍ ക്ലൈവ് ലോയ്ഡ്

ജോര്‍ജ്ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ ക്രിക്കറ്റ് താരം ക്ലൈവ് ലോയ്ഡ്. ഇങ്ങനെയുള്ള പ്രധാനമന്ത്രിമാരാണ് നാടിന് ആവശ്യമെന്ന് ലോയ്ഡ് പറഞ്ഞു. ഗയാനയില്‍ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ട ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

1975, 1979 ഏകദിന ലോകകപ്പുകളില്‍ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ്, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തെ പോലുള്ള പ്രധാനമന്ത്രിമാരാണ് ലോകത്തിനാവശ്യമെന്ന് ലോയ്ഡ് പറഞ്ഞു. ഗയാനയില്‍ വച്ച് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ മോദിയുമായി ആശയവിനിമയം നടത്തി. ഗയാനയിലെ താരങ്ങളുമായുള്ള കൂടിക്കാഴ്ച രാജ്യങ്ങളെ കായികരംഗത്ത് കൂടുതല്‍ അടുപ്പിക്കുകയും സംസ്‌കാരിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുമെന്ന് മോദി എക്‌സില്‍ കുറിച്ചു.

‘സൂപ്പര്‍ ക്യാറ്റ്’ എന്നറിയപ്പെടുന്ന ക്ലൈവ് ലോയ്ഡ് 1966 – മുതല്‍ 85 വരെ വെസ്റ്റ് ഇന്‍ഡിസിനായി 110 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിരുന്ന ലോയ്ഡ് തങ്ങളുടെ പതിനൊന്ന് കളിക്കാരെ ഇന്ത്യയില്‍ പരിശീലിപ്പിക്കുന്നതിന് മോദിയെ നന്ദി അറിയിക്കുകയും ചെയ്തു. ‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. ഞങ്ങളുടെ പതിനൊന്ന് കളിക്കാര്‍ നിലവില്‍ ഇന്ത്യയില്‍ പരിശീലനം നടത്തുന്നുണ്ട്. അവര്‍ എടുത്തത് വളരെ മികച്ച തീരുമാനമാണ്. മോദിക്ക് ക്രിക്കറ്റിനോട് വലിയ താത്പര്യമാണ്. ആ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നു’ ക്ലൈവ് ലോയ്ഡ് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്ത വിന്‍ഡീസ് താരം ആല്‍വിന്‍ കളിച്ചരനും ക്രിക്കറ്റില്‍ മോദിക്കുള്ള അറിവിനെക്കുറിച്ച് അത്ഭുതം കൂറി. ‘ഇന്ത്യയിലെ എല്ലാവര്‍ക്കും ക്രിക്കറ്റ് അറിയാം. എന്നാല്‍ മോദിയുടെ അറിവ് സവിശേഷമാണ്, ക്രിക്കറ്റിന്റെ പേരിലാണ് അദ്ദേഹം ഞങ്ങളെ അറിയുന്നത്. ഇന്ന് പ്രധാനമന്ത്രിയെ നേരില്‍ കാണാനായത് തീര്‍ത്തും വിസ്മയകരമാണ്’ കളിച്ചരന്‍ പറഞ്ഞു.

56 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. മോദിക്ക് വന്‍ സ്വീകരണമാണ് അവര്‍ ഒരുക്കിയത്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓര്‍ഡര്‍ ഓഫ് എക്സലന്‍സ്’ പുരസ്‌കാരവും മോദിക്ക് നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*