നിയമസഭാ സമ്മേളനം പുന:ക്രമീകരിക്കണം; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കി

നിയമസഭ സമ്മേളനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടി കാട്ടിയാണ് പ്രതിപക്ഷം കത്ത് നല്‍കിയിരിക്കുന്നത്. 

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കൂടിയുള്ള കെപിസിസിയുടെ ലോക്സഭാ പ്രചാരണ ജാഥ ഫെബ്രുവരി അഞ്ച് മുതൽ 25വരെ നടക്കുകയാണ്. ഈ ജാഥ കണക്കിലെടുത്ത് സഭാ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നും ബജറ്റ് അഞ്ചാം തീയതിയിൽ നിന്ന് രണ്ടിലേക്ക് മാറ്റി ബജറ്റിന്റെ പൊതു ചർച്ച 5,6, 7 തീയതികളിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. 9 മുതൽ 25വരെയുള്ള തീയതികളിൽ യുഡിഎഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്ന രീതിയിൽ അവസരം ഒരുക്കണമെന്നും കത്തിൽ പറയുന്നു.

കേന്ദ്ര ബജറ്റ് 1ന് നടക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിൽ നിന്ന് അഞ്ചിനാക്കിയത്. 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന്റെ തുടക്കം. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളിൽ ബില്ലുകളും മറ്റും പരിഗണിക്കും. 5ന് ബജറ്റിനു ശേഷം 6 മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 14 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 15 മുതൽ 25 വരെ സഭ താൽക്കാലികമായി നിർത്തി വയ്ക്കും. 26നു പുനരാരംഭിക്കുന്ന സമ്മേളനം സമ്പൂർണ ബജറ്റ് പാസാക്കുന്ന നടപടികളിലേക്കു കടക്കും. ബജറ്റ് പാസാക്കിയ ശേഷം മാർച്ച് 27ന് സമാപിക്കുന്ന വിധത്തിലാണ് കാര്യപരിപാടി തയാറാക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*