
വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചർമത്തിന്റെ ആരോഗ്യത്തിന് കൊളാജന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും നാരങ്ങയിൽ അടങ്ങിയ സംയുക്തങ്ങൾ സഹായിക്കും.
ആരോഗ്യ സംരക്ഷണത്തിന് ദിവസവും നാരങ്ങവെള്ളം കുടിക്കുന്നവർ ധാരാളമാണ്. എന്നാൽ അമിതമായാൽ അമൃതവും വിഷമെന്ന പോലെ നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നതു കൊണ്ട് ആരോഗ്യം മോശാവസ്ഥയിലാകാനും സാധ്യതയുണ്ട്.
1. പല്ലിന്റെ ഇനാമലിന് ദേഷം
നാരങ്ങവെള്ളം അമിതമായി കുടിക്കുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാൻ കാരണമാകും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലിന് പുറമെയുള്ള ഇനാമലുമായി നിരന്തരം സമ്പർക്കത്തിൽ വരുകയും ഇനാമൽ നഷ്ടപ്പെടാനും കാരണമാകും. ഇത് കാലക്രമേണ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൂടാതെ പല്ലുവേദന പോലുള്ള പലവിധത്തിലുള്ള ദന്ത പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.
2. നെഞ്ചെരിച്ചിൽ
നാരങ്ങവെള്ളം പതിവായി കുടിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിൽ ഉണ്ടാക്കും. നാരങ്ങ അസിഡിക് സ്വഭാവമുള്ളതാണ്. ഇത് അന്നനാളത്തെ പ്രകോപിപ്പിക്കുകയും നെഞ്ചിലും തൊണ്ടയിലും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.
3. വയറ്റിൽ അസ്വസ്ഥത
ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെങ്കിലും അമിതമായി കുടിക്കുന്നത് ആമാശയത്തിന് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദ്ദി എന്നിവയും ഉണ്ടാകാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അധിക അസിഡിറ്റി അൾസറിനും കാരണമാകാം.
4. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക
ചെറുനാരങ്ങാ നീര് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മികച്ച ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതുകൊണ്ട് നാരങ്ങ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വർധിപ്പിക്കും. അങ്ങനെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് നിർജ്ജലീകരണം, ക്ഷീണം, അമിത ദാഹം എന്നിവയിലേക്ക് നയിക്കും. കൂടാതെ കടുത്ത തലവേദനയ്ക്കും മൈഗ്രേനും വരെ ഇത് കാരണമാകാം.
5. പോഷകങ്ങളുടെ ആഗിരണം
നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിൽ കാൽസ്യം പോലുള്ള അവശ്യ ധാതുക്കളുടെ ആഗിരണം കുറയ്ക്കാം. ഇത് കാലക്രമേണ പോഷകമില്ലായ്മയിലേക്ക് നയിക്കാം. കൂടാതെ ചില മരുന്നുകളോട് പ്രതികരിക്കാനും ഇത് കാരണമായേക്കാം.
Be the first to comment