കോതമംഗലം : മുന്നാറിന് സമീപം മാങ്കുളം ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല. തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം. ഈ പ്രദേശത്താണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. പ്രദേശവാസികളാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ആളുകളുടെ ശബ്ദം കേട്ടതോടെ പുലി തേയിലതോട്ടത്തിലൂടെ ഓടി മറഞ്ഞു. തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പകല്‍ സമയത്തും പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. ഇതോടെ കുടുംബങ്ങള്‍ ആശങ്കയിലുമായി. പകല്‍ സമയങ്ങളില്‍ തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലിക്കു പോകുമ്പോള്‍ പല വീടുകളിലും കുട്ടികള്‍ തനിച്ചാണ് ഉണ്ടാകാറ്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇതിനൊപ്പം തൊഴിലാളികള്‍ ജോലിക്കിറങ്ങേണ്ടുന്ന തേയിലതോട്ടത്തില്‍ തന്നെയാണ് പുലിയെ കണ്ടിട്ടുള്ളത്. ഇതും ആളുകളില്‍ ഭീതി വര്‍ധിപ്പിക്കുന്നു. വിഷയത്തില്‍ വനംവകുപ്പിന്റെ ഇടപെടല്‍ കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു. നാളുകള്‍ക്ക് മുമ്പ് വിരിപാറ മേഖലയില്‍ പാറപ്പുറത്ത് വെയില്‍ കാഞ്ഞ് കിടക്കുന്ന പുലിയുടെ ദൃശ്യവും പുറത്ത് വന്നിരുന്നു.
Be the first to comment