വീണ്ടും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച് മലയാള സിനിമ; ഇത്തവണ ‘ലെവല്‍ ക്രോസ്’

ആസിഫ് അലി, അമലപോൾ കേന്ദ്ര കഥാപാത്രങ്ങളായ ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത ‘ലെവൽ ക്രോസ്’ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ നടൻ ഷറഫുദ്ദീനും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്‍റെ ലൈബ്രറിയിലേക്ക് ലെവൽ ക്രോസ് ചിത്രത്തിന്‍റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയുടെ ചരിത്രത്തിൽ ചിത്രം തിളക്കമാർന്ന ഒരു നേട്ടം കൈവരിക്കുകയാണ്.

രണ്ടാഴ്‌ച മുൻപ് ക്രിസ്‌റ്റോ സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്‍റെ തിരക്കഥയും അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്‍റെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ആദ്യമാണ് ഇന്ത്യൻ സിനിമ ചരിത്രത്തിൽ വളരെ ചുരുങ്ങിയ കാലയളവിൽ ഒരേ മേഖലയിലെ രണ്ട് ചിത്രങ്ങൾ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്‍റെ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ പഠന വിധേയമാക്കാം. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ പി ഡി എഫ് രൂപത്തിലാണ് തിരക്കഥ ലൈബ്രറിയിലേക്ക് സമർപ്പിക്കേണ്ടത്.

അർഫാസ് അയൂബ് തന്നെയാണ് ‘ലെവൽ ക്രോസിന്‍റെ’ കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ എഴുതിയത് അർഫാസിന്‍റെ പിതാവും അറിയപ്പെടുന്ന നടൻ കൂടിയായ ആദം അയൂബാണ്. പ്രശസ്‌ത സംവിധായകൻ ജിത്തു ജോസഫിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ ആയിരുന്നു സംവിധായകൻ അർഫാസ് അയൂബ്.

അഭിഷേക് ഫിലിംസിന്‍റെ ബാനറിൽ രമേശ് പി പിള്ള നിർമ്മിച്ച ചിത്രം വിതരണം ചെയ്‌തത് സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു.

‘ലെവല്‍ ക്രോസ്’ എന്ന ചിത്രം സംവിധാന മികവുകൊണ്ടും തിരക്കഥയുടെ ഗുണമേന്മ കൊണ്ടും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. തീയറ്ററുകളിലും ചിത്രം സാമ്പത്തികമായി വിജയം നേടി. ആമസോൺ പ്രൈമിൽ ഒ.ടി. ടി റിലീസ് ആയി എത്തിയപ്പോഴും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.

ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ‘ലെവൽ ക്രോസി’ന് സ്വന്തമാണ്. സഹാറാ മരുഭൂമിയുടെ വശ്യതയും ഏറെ മനോഹരമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. അപ്പു പ്രഭാകർ ആണ് ഛായാഗ്രാഹകൻ.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്‌ജറ്റ് ചിത്രമായ മോഹൻലാൽ നായകനായ ‘റാം’ എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് രമേഷ് പി പിള്ള തന്നെയാണ് ലെവല്‍ ക്രോസും നിര്‍മിച്ചിരിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം ഒരുക്കിയത്.

ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിന്‍റെ ടെക്നിക്കൽ ടീമിലും മികച്ച കലാകാരന്മാർ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാർ ആണ്.

ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്‍റെയും എഡിറ്റർ.

സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*