ലെവർകൂസന്റെ അപരാജിതക്കുതിപ്പ് അവസാനിച്ചു; യൂറോപ്പ ലീഗ് കിരീടം ചൂടി അറ്റലാന്റ

ജർമന്‍ ക്ലബ്ബ് ബയേർ ലെവർകൂസന്റെ സീസണിലെ അപരാജിതക്കുതിപ്പ് തടഞ്ഞ് യോറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ ടീം അറ്റലാന്റ. അയർലന്‍ഡിലെ അവിവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്ന അറ്റലാന്റയുടെ വിജയം. അഡെമോള ലുക്‌മാന്റെ ഹാട്രിക്കാണ് അറ്റലാന്റയെ ചാമ്പ്യന്മാരാക്കിയത്, 12′, 26′, 75′ മിനുറ്റുകളിലായിരുന്നു ലുക്‌മാന്റെ ഗോളുകള്‍.

തോല്‍വിയറിയാതെ സീസണില്‍ ട്രെബിള്‍ നേടുക എന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടായിരുന്നു ലെവർകൂസന്‍ ഫൈനലില്‍ പന്തുതട്ടിയത്. ലെവർകൂസന്റെ 51 മത്സരവും 361 ദിവസവും നീണ്ട വിജയയാത്രയ്ക്കാണ് യൂറോപ്പ ലീഗ് ഫൈനലില്‍ അവസാനമായിത്. 2023 മേയില്‍ വിഎഫ്എല്‍ ബോച്ചുമിനോടായിരുന്നു ലെവർകൂസന്റെ ഇതിന് മുന്‍പുള്ള തോല്‍വി.

മത്സരത്തിലുടനീളം പന്തടക്കത്തില്‍ ആധിപത്യമുണ്ടായിരുന്നു ലെവർകൂസന്. 67 ശതമാനവും പൊസെഷന്‍ കയ്യടക്കിയിട്ടും മുന്നേറ്റത്തിലെ കൃത്യതയുടെ അഭാവം ലെവർകൂസനുണ്ടായിരുന്നു. തൊടുത്ത പത്ത് ഷോട്ടുകളില്‍ മൂന്നെണ്ണം മാത്രമാണ് ടാർഗറ്റിലെത്തിക്കാനായത്. മറുവശത്ത് പത്തില്‍ ഏഴെണ്ണം ടാർഗറ്റിലെത്തിക്കാന്‍ അറ്റലാന്റയ്ക്കായി.

ഫുട്ബോളില്‍ ഇത് സ്വഭാവികമാണെന്നായിരുന്നു ലെവർകൂസന്‍ പരിശീലകൻ സാബി അലോന്‍സോയുടെ പ്രതികരണം. അറ്റലാന്റ തങ്ങളേക്കാള്‍ മികച്ചു നിന്നുവെന്നും സാബി വ്യക്തമാക്കി.

ഇതുവരെയുള്ള ഞങ്ങളുടെ മുന്നേറ്റം അസാധാരണമായിരുന്നു. ഇന്നത്തെ തോല്‍വി വേദനാജനകമാണ്. ഫൈനലുകളിലെ തോല്‍വികള്‍ മറക്കാനാകില്ല. അവസരങ്ങളുണ്ടായിരുന്നു. ശ്രമവുമുണ്ടായി. പക്ഷേ, ഞങ്ങളുടെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് എത്താനായില്ല, സാബി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*