ഓഹരി വിപണിയില്‍ എല്‍ഐസിയുടെ പണം ഒഴുകും!; നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് 1.30 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഓഹരിവിപണിയില്‍ ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എല്‍ഐസി എംഡി സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു.

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ മാത്രം ഇതിനോടകം 38,000 കോടി രൂപ എല്‍ഐസി നിക്ഷേപിച്ച് കഴിഞ്ഞു. മുന്‍വര്‍ഷം സമാന കാലവയളവില്‍ 23,300 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ വര്‍ധന. ആദ്യ പാദത്തില്‍ തന്നെ ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ 15,500 കോടി രൂപയാണ് എല്‍ഐസിയുടെ ലാഭം. മൂന്ന് മാസം കൂടുമ്പോള്‍ ലാഭത്തില്‍ 13.5 ശതമാനം വര്‍ധനയാണ് എല്‍ഐസിക്ക് ലഭിക്കുന്നത്.

വിവിധ കമ്പനികളുടെ ഓഹരികളിലെ എല്‍ഐസിയുടെ നിക്ഷേപത്തിന്റെ വിപണി മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അവസാനം വരെയുള്ള കണക്കാണിത്. നിലവില്‍ 282 കമ്പനികളില്‍ എല്‍ഐസിക്ക് നിക്ഷേപം ഉണ്ട്. നിലവില്‍ 53,58,781 കോടി രൂപയുടെ ആസ്തിയാണ് ( asset under management) എല്‍ഐസി കൈകാര്യം ചെയ്യുന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 46,11,067 കോടി രൂപയായിരുന്നു. 16.22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*