ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തളളി. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. 

കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ശിവശങ്ക‍ർ ഇത് നിഷേധിച്ചു. 

നേരത്തെ കൊച്ചി പിഎംഎൽഎ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസിൽ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ വാദിച്ചു. അതുപോലെ തനിക്ക് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ഇവയൊക്കെ കേസ് പരിഗണിച്ച ബെഞ്ച് തള്ളുകയായിരുന്നു.

ശിവശങ്കറാണ് ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം. 

Be the first to comment

Leave a Reply

Your email address will not be published.


*