കൊച്ചി: നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് ശിക്ഷിച്ചത്. ഭർത്താവുമായി അകന്ന് കഴിയുന്നതിനിടെയാണ് ശാലിനിക്ക് കുഞ്ഞ് ഉണ്ടാകുന്നത്. ഇത് നാണക്കേടാകുമെന്ന് കരുതി കുഞ്ഞിനെ കൊല്ലുകയായിരുന്നു. നാൽപ്പതുകാരിയായ ശാലിനിയെ എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും അടക്കണമെന്നും വിധിയിൽ പറയുന്നു.
2021 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രസവിച്ചതിന് തൊട്ടുപിന്നാലെ യുവതി തന്‍റെ കുഞ്ഞിനെ പാറമടയിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്കൊപ്പം ഭർത്താവിന്‍റെ വീട്ടിലായിരുന്നു ശാലിനി താമസിച്ചിരുന്നത്. ഈ വീട്ടിൽ ഭർത്താവിനെ കയറ്റാറില്ലായിരുന്നു. വർഷങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയിലാണ് ശാലിനി ഗർഭിണി ആകുന്നത്. ഇക്കാര്യം ബന്ധുക്കളോ അയൽവാസികളോ ആരും അറിഞ്ഞതുമില്ല.
ഇതിനിടെ 2021 ജൂൺ നാലിന് പുലർച്ചെ വേദന ശക്തമായതോടെ സമീപത്തെ പാറമടയ്ക്ക് അടുത്തേക്ക് പോയ ശാലിനി അവിടെ വെച്ച് കുഞ്ഞിനെ പ്രസവിച്ചു. പിന്നാലെ കല്ലുകെട്ടി കുഞ്ഞിനെ പാറമടയിലേക്ക് എറിഞ്ഞു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്നാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 29 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസിൽ വിധി പറഞ്ഞത്.
Be the first to comment